
ബഹുമാന്യരേ,
ആരാധ്യനായ മന്ത്രിയും നമ്മുടെ എം.എല്‍.എയുമായിരുന്ന ജേക്കബ് സാറിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് വന്ന ഒഴിവിലേക്ക് ഉടന്‍ തന്നെ ഒരു ഉപതിരഞ്ഞെടുപ്പ് ഇവിടെ നടക്കുവാന്‍ പോകുന്ന വിവരം ഈ മണ്ഡലത്തിലെ ജനാധിപത്യ വിശ്വാസികളായ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. നിസ്സാരമായ ഭൂരിപക്ഷത്തില്‍ കടിച്ചുതൂങ്ങിക്കിടന്ന് ജനദ്രോഹ നയങ്ങളുമായി മുന്നോട്ടുപോകുന്ന ഈ സര്‍ക്കാരിനെ ഒരു പാഠം പടിപ്പിക്കുവാനുള്ള അവസരമാണ് നമുക്ക് കൈവന്നിരിക്കുന്നത്. കുടുംബ-മക്കള്‍ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കാത്ത, അതേസമയം യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് ആഗ്രഹിക്കുന്ന നമ്മുടെ പൊതു മനസാക്ഷിക്ക് മുന്നിലേക്ക് സര്‍വഥാ യോഗ്യനായ ഒരാളെയാണ് ഇക്കുറി ഞങ്ങള്‍ അവതരിപ്പിക്കുന്നത് – സഖാവ് സന്തോഷ് പണ്ഡിറ്റ്.
സഖാവ് സന്തോഷിന് ഒരു മുഖവുരയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല, അത്രമേല്‍ ജനകീയനാണ് അദ്ദേഹം. നശിച്ചുകൊണ്ടിരുന്ന നമ്മുടെ സിനിമാ മേഖലയിലേക്ക് സാധാരണക്കാരനായ അദ്ദേഹം കടന്നു വരികയും, തന്റെ ആത്മാര്‍ഥതയും കഠിന പ്രയത്നവും കൊണ്ട് മുന്‍നിരയില്‍ തന്നെ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു എന്നത് അത്ര നിസ്സാര കാര്യമല്ല. വളരെ ലോജിക്കലായി ചിന്തിക്കുകയും സംസാരിക്കുകയും, അതൊക്കെ പ്രവര്‍ത്തിയില്‍ കൊണ്ടുവരാനും കഴിഞ്ഞിട്ടുള്ള ഒരു പ്രതിഭയെ കലാമേഘലയ്ക്കപ്പുറം രാഷ്ട്രീയ-സാംസ്കാരിക മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് ഈ കാലഘട്ടത്തിന്റെ തന്നെ ആവശ്യമാണ്.
അനാവശ്യ വിവാദങ്ങളാണ് ഇന്ന് നമ്മുടെ പുരോഗതിക്ക് തടസം നില്‍ക്കുന്നത്. എന്തിനെയും രാഷ്രീയവല്ക്കരിച്ചു വിവാദമാക്കുമ്പോള്‍ ജനോപകാരപ്രദമായ പദ്ധതികളാണ് നീണ്ടുപോകുന്നത്. മത-രാഷ്ട്രീയ ഗുണ്ടകളുടെയും മീഡിയസിന്ഡിക്കേറ്റിന്റെയും ദുരാരോപണങ്ങളില്‍ തളരാതെ ഇച്ഛാശക്തിയോടെ മുന്നോട്ട് പോകാന്‍ കഴിയുന്ന നേതാവിനെയാണ് ഇന്ന് നമുക്കാവശ്യം. അനാവശ്യ എതിര്‍പ്പുകളെ എങ്ങനെ അതിജീവിക്കാം എന്ന് സഖാവ് സന്തോഷ് സ്വന്തം പ്രവര്‍ത്തിയിലൂടെ നമ്മെ കാണിച്ചു തന്നിട്ടുള്ളതാണ്. തനിക്ക് ശെരിയെന്നു തോന്നുന്ന വഴിയിലൂടെ നിര്‍ഭയം മുന്നോട്ട് പോയി ജനോപകാര പദ്ധതികളെ യാധാര്‍ത്യമാക്കാന്‍, അല്‍പ്പം നിലവാരം കുറവാണെങ്കിലും(നിലവാരം എന്നത് ആപേക്ഷീകമാണല്ലോ) ഒരു റിസള്‍ട്ട് ഉണ്ടാക്കി ജനങ്ങളില്‍ എത്തിക്കാന്‍ കഴിയും എന്ന് തെളിയിച്ചിട്ടുള്ള ആളാണ് സഖാവ് സന്തോഷ്. ഒരു മണ്ഡലത്തിനപ്പുറം കേരളത്തിന്റെ മൊത്തം ഉന്നമനത്തിനായി വിനിയോഗിക്കാന്‍ കഴിയുന്ന രാഷ്ട്രീയ ശേഷി അദ്ദേഹത്തിനുണ്ട്. ഇന്ന് നാം അദ്ദേഹത്തെ നമ്മുടെ എം.എല്‍.എ. ആയി തിരിഞ്ഞെടുക്കുന്ന പക്ഷം കാലക്രമത്തില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ചീഫ് വിപ്പ് , പ്രതിപക്ഷ നേതാവ് തുടങ്ങി വാച്ച് & ഗാര്‍ഡ് ന്റെ പണി വരെ അദ്ദേഹം ഒറ്റയ്ക്ക് ചെയ്തോളും. അങ്ങനെ സഭാ സമ്മേളനം എന്ന അനാവശ്യ ധൂര്‍ത്ത് ഒഴിവാകി ആ നികുതിപ്പണം കൂടി ജനോപകാരപ്രദമായ പദ്ധതികള്‍ക്ക് ഉപയോഗിക്കാനാവും.
ഇന്ത്യന്‍ ജനത ഇന്ന് കനത്ത വിലക്കയറ്റത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ്. അപ്പോഴും എണ്ണക്കംബനികളെയും കുത്തകകളെയും സംരക്ഷിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. ഒരു തത്വദീക്ഷയുമില്ലാതെ അടിക്കടി പെട്രോള്‍ വില ഉയരുമ്പോള്‍ തെറ്റുന്നത് പാവപ്പെട്ടവന്റെ കുടുംബ ബജറ്റാണ്. ഇതിനെതിരെ ഒരു സന്ധിയില്ലാ സമരമാണ് സന്തോഷിന്റെ നേതൃത്ത്വത്തില്‍ ഞങ്ങള്‍ ആവിഷ്കരിക്കാന്‍ പോകുന്നത്. വേണമെങ്കില്‍ ഒന്നോ രണ്ടോ എണ്ണക്കംബനികളെ വാടകയ്ക്കെടുത്ത്, ക്രൂഡോയിലില്‍ നിന്ന് ഏവിയെഷന്‍ ഓയില്‍ മുതല്‍ ടാര്‍ വരെ വേര്‍തിരിക്കുന്ന പണികള്‍ ഒറ്റയ്ക്ക് ചെയ്ത് കുറഞ്ഞ ചിലവില്‍ പെട്രോളും പാചകവാതകവും ജനങ്ങളില്‍ എത്തിക്കാന്‍ സഖാവ് സന്തോഷിന് സന്തോഷമേയുള്ളൂ.
സ്വന്തം പ്രവര്‍ത്തിപഥത്തില്‍ ശക്തമായ വിമര്‍ശനങ്ങളും വെല്ലുവിളികളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ആക്ഷേപങ്ങള്‍ പലപ്പോഴും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഖിച്ചിട്ടുണ്ട്. വ്യക്തിപരമായ ആക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ പോലും അദ്ദേഹം കരയുകയോ പുലഭ്യം പറയുകയോ ചെയ്തിട്ടില്ല. സംസ്കാര സമ്പന്നനായ, സമചിത്തതയുള്ള ഒരാളെയാണ് നാം നമ്മുടെ പ്രധിനിധിയാക്കുവാന് പോകുന്നത് എന്നത് നമുക്ക് അഭിമാനിക്കാവുന്ന, മറ്റു മണ്ഡലങ്ങള്‍ക്ക് മാതൃക കാണിക്കാവുന്ന ഒന്നാണ്.
സ്വതന്ത്രനായാണ് സഖാവ് സന്തോഷ് മത്സരിക്കുന്നതെങ്കിലും ഇടതുപക്ഷത്തിന്റെ കൂടി പിന്തുണ ഈയവസരത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പാര്‍ട്ടിക്ക് ഒരുപക്ഷേ താല്പര്യമില്ലെങ്കിലും സഖാവ് സന്തോഷിനെപ്പോലെ ജനപ്രിയനായ, ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു നേതാവിനെ ഒരു തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സപ്പോര്‍ട്ട് ചെയ്യുമെന്നുള്ള സമീപകാല ചരിത്രത്തില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. ഇല്ലെങ്കില്‍ തന്നെയും സ്വന്തം നിലയ്ക്കുള്ള വ്യക്തി പ്രഭാവം കൊണ്ട് സഖാവ് സന്തോഷ് വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉത്തമ വിശ്വാസമുണ്ട്.
എന്നും വികസന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന, മാറ്റത്തിന്റെ മാറ്റൊലിയാവാന്‍ ആഗ്രഹിക്കുന്ന പിറവം ജനത നിങ്ങളുടെ മനസാക്ഷിയുടെ അങ്ങീകാരമായ വോട്ടവകാശം കേരള രാഷ്ട്രീയ ചരിത്രത്തില്‍ത്തന്നെ അതിപ്രധാന ചിഹ്നമായ (യുറ്റ്യൂബിന്റെ ഐക്കണ്‍ കൂടിയായ) “ടെലിവിഷന്‍” അടയാളത്തില്‍ രേഖപ്പെടുത്തി, സഖാവ് സന്തോഷിനെ ചരിത്രത്തിലെ തന്നെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമേയെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
അഭിവാദ്യങ്ങള്‍.
വിശ്വസ്ത്തതയോടെ,
മണ്ഡലം സെക്രട്ടറി,
കേരള കോണ്‍ഗ്രസ്സ് എസ്.പി ( സന്തോഷ് പണ്ഡിറ്റ് ),
പിറവം.
*പിന്നേ…: ചുമ്മാ ഒരു രസം, അത്രേ ഉദ്ദേശിക്കുന്നുള്ളൂ. സന്തോഷ് പണ്ഡിറ്റ് ഇത് കാര്യമായിട്ട് എടുത്ത് എങ്ങാനും പോയി മത്സരിച്ചാല്‍ ആരും എന്നെ തല്ലാന്‍ വന്നേക്കല്ലും.
[എനിക്കെന്റെ കയ്യും കാലുമൊക്കെതന്നെയാണ് വലുത്]
Copy paste Blog From = സഖാവ് സന്തോഷിനെ വിജയിപ്പിക്കുക*.
( – via Press This )